ഇന്നലെ രാത്രി മുഴുവന്‍ കലികയറിയ മഴയുടെ താണ്ടവം പുലര്‍ച്ചയ്ക്കു എപ്പോഴോ നിലച്ചിരുന്നു.
പുതപ്പിനടിയില്‍ ചുരുണ്ട് കൂടി കിടക്കാന്‍ നല്ല സുഖം..
അലാറത്തിന്റെ ശബ്ദം എന്റെ ഉറക്കിനെ ഭംഗം വരുത്തി..സമയം ആറര ആയിരിക്കുന്നു..! അരികത്തു കിടന്നുറങ്ങിയ മോളും ഭാര്യയും എപ്പോഴോ താഴേക്ക് പോയിരിക്കുന്നു...!
ഒന്നര വയസ്സുകാരിയായ മകള്‍ ഇപ്പൊ മൂന്ന് വയസ്സുകാരിയായി ദുബായ് ക്കാരിയയി തിരിച്ചു വന്നിരിക്കുകയാണ്. ഈ മഴയും പ്രഭാതവും ഒക്കെ അവളെ വല്ലാതെ മോഹിപ്പിചിരിക്കുന്നു....!! അവിടെ ആയിരുന്നപ്പോള്‍ പതിനൊന്നു മണി ആയാലും ഉറക്കം ഉണരാത്ത മോള്‍ ഇപ്പൊ എന്നും ആറു മണിക്ക് മുന്പേ എഴുന്നേല്‍ക്കും......
എന്നെ അത്ഭുദപ്പെടുത്തിയത് വീട്ടില്‍ എത്തി പിറ്റേ ദിവസം തന്നെ കാലിയായ കാലിത്തൊഴുത്ത് നോക്കി പശു വിനെ കാണാഞ്ഞു അവള്‍ തൊടി മുഴുവന്‍ നോക്കി നടന്നതാണ്..!!
വേഗം ബ്രഷ് ചെയ്തു ഡ്രസ്സ് ചെയ്തു ഞാന്‍ താഴേക്കിറങ്ങി...ഉമ്മാ ആ പാത്രം ഇങ്ങെടുത്തേ...
സാധാരണ നാട്ടില്‍ വന്നാല്‍ ഞാന്‍ പത്തു മണി എങ്കിലും കഴിഞ്ഞേ ഉറക്കം ഉണരാരുള്ളൂ.....ഈ പ്രാവശ്യം ആ പതിവ് തെറ്റി..
മകള്‍ പശുവിനെയും തിരഞ്ഞു നടക്കുന്നതിനിടയില്‍ ഉമ്മ പറയുന്നത് കേട്ടു.
“സൌദ പോയതോടെ നോക്കാനാകുന്നില്ല ...പാലു കറന്നില്ലെന്കിലും അതിന്നു നേരത്തിനു കാടി കൊടുക്കേണ്ടേ...വിറ്റ് കളഞ്ഞു..!”
അപ്പോഴാണ് പശുവിനെ വിറ്റകാര്യം അറിയുന്നത്... വീട്ടിലെ സഹായത്തിനു പത്തു വര്ഷം ആയി ഉണ്ടായിരുന്ന സൌദ യുടെ കല്യാണം ഉമ്മ വിളിച്ചറിയിച്ചിരുന്നു..!!
മുന്ബോക്കെ പാല്‍ വീട്ടില്‍ എത്തിച്ചു തരുമായിരുന്നു..ഇപ്പോള്‍ അതിനും ആളില്ല. സൊസൈറ്റി വണ്ടി വരും അതില്‍ കൊടുത്താല്‍ മതി. മാസം ഒന്നിച്ചു കൃത്യമായി പണവും കിട്ടും.
പാത്രവും ആയി ഭാര്യയാണ് വന്നത്.. അവളുടെ ചുണ്ടിലെ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായി. പത്തു മണിയയാലും എഴുന്നെല്‍ക്കാത്ത ഞാന്‍ രാവിലെ തന്നെ സൊസൈറ്റി വണ്ടി വരുന്നതും കാത്തു അങ്ങാടിയില്‍ കാത്തു നില്‍ക്കുന്നത് അവള്‍ക്കു ശരിക്കും അത്ഭുദം ആയിട്ടുണ്ടാകും .. മകള്‍ക്ക് രാവിലെ ഉണര്‍ന്ന ഉടന്‍ പാല്‍ വേണം. കാത്തു നില്കാതെ പറ്റില്ലല്ലോ..!!
വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ മോള്‍ ഓടിവന്നു..അവള്‍ക്കും വരേണം എന്റെ കൂടെ...ഞാന്‍ ഡോര്‍ തുറന്നു കൊടുത്തു...അവളും കയറി..
സൊസൈറ്റി വണ്ടി വരാന്‍ ഇനിയും പത്തു മിനിറ്റ് എടുക്കും..!പത്തു പതിനഞ്ചു ക്ഷീര കര്‍ഷകര്‍ വലിയ പത്രത്തില്‍ പാലുമായി കാത്തു നില്‍പ്പുണ്ട്. നമുക്ക് ഇഷ്ടമുള്ള ആളിന്റെ പാല്‍ സൊസൈറ്റിക്കാരന്‍ അളന്നു തരും.
ഞാന്‍ പോക്കര്‍ക്കയുടെ പാല്‍പാത്രം അളക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ പാത്രം നീട്ടി കൊടുക്കും, എന്‍റെ ഉപ്പയുടെ ചങ്ങാതിയാ പോക്കര്‍ക്ക. നീണ്ട മുപ്പതു വര്‍ഷത്തെ പ്രവാസം നിര്‍ത്തി ഇപ്പൊ തനി നാടുംപുറത്തു കാരനായി പശുക്കളും കൃഷിയും ഒക്കെ ആയി കഴിയുന്നു.
മകളെ കണ്ടപ്പോള്‍ എല്ലാവരും അവളുമായി കുശലം പറയാന്‍ തുടങ്ങി..!! സൊസൈറ്റി വണ്ടി വരാന്‍ ഇനിയും സമയം എടുക്കും.
നീലയും വെള്ളയും യുണിഫോം ധരിച്ച കുറച്ചു കുട്ടികള്‍ അപ്പുറത്ത് ബസ് സ്റ്റോപ്പില്‍ നില്‍പ്പുണ്ട്.. മെറൂണ്‍ പാവാടയും വെള്ള ബ്ലോസും ഇട്ട ഒരു കുട്ടിയെ പോലും വന്നതിന ശേഷം കണ്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. കെ ആര്‍ ഹൈ സ്കൂള്‍ അടചിട്ടിരിക്കുകയാണോ, വല്ല സമരമോ മറ്റോ ആണോ? അടുത്ത് നില്‍ക്കുന്ന പോക്കര്‍ക്കയോട് തന്നെ ചോദിച്ചു..അപ്പോ ഴാണ് അറിയുന്നത് അവിടെ യുണിഫോം മാറി നീലയും വെള്ളയും ആകി എന്നാ വിവരം.
പണ്ടൊക്കെ ഈ ബസ് സ്റ്റോപ്പില്‍ എത്ര നേരം കാത്തു നിന്നിട്ടുണ്ട്.. മെറൂണ്‍ പാവാടയും വെള്ള ബ്ലോസും വെള്ള തട്ടവുമിട്ട അവളുടെ ഒരു ദര്‍ശനത്തിനു വേണ്ടി, അന്നൊന്നും ഇങ്ങിനെ ഇവിടെ നില്‍ക്കുമ്പോള്‍ നേരം പോകുന്നത് അറിയുകയേ ഇല്ല...
ഞാനും അജിയും ഒന്നിച്ചാണ് എന്നും കോളേജില്‍ പോകാറു..നമ്മുടെ വെള്ളതട്ടം വരും വരെ അവനെ ഞാന്‍ പിടിച്ചു നിര്‍ത്തും...അവളുടെ കൂടെ വരുന്ന ആ തമ്പുരാട്ടി കുട്ടിയെ അവനു ഒരു കണ്ണുള്ളത് കൊണ്ട് അവന്‍ മടി കൂടാതെ എന്റെ കൂടെ കാത്ത് നില്‍ക്കും, എനിക്ക് വേണ്ടി എന്തോ ത്യാഗം സഹിക്കുന്നു എന്ന മട്ടില്‍..
അന്നൊക്കെ ബൈക്ക് വളരെ അപൂര്‍വം ആയിരുന്നു...ഇന്നത്തെ പോലെ ബൈക്കില്‍ ചെത്തി നടക്കുന്ന പൂവാലന്‍ മാര്‍ അപൂര്‍വം. അന്നും ഞങ്ങള്‍ ബസ് സ്റ്റോപ്പ്‌നു അഭിമുഖമായി നില്‍ക്കുന്നു. നമ്മുടെ കക്ഷി അപ്പുറത്ത് നില്പുണ്ട്. ഇടയ്ക്കിടെ ഓരോ മന്ദസ്മിതം പരസ്പരം കൈമാറി കൊണ്ട്. അതും ആസ്വദിച്ചു ഞങ്ങള്‍ അങ്ങിനെ നിക്കുകയാണ്. പെട്ടെന്ന് ഒരു ബൈക്ക് ഞങ്ങളുടെ അരികില്‍ വന്നു നിന്നു. എന്‍റെ സുഹൃത്ത് നൌഷാദ് ആണ്. ബസ് സ്റ്റോപ്പ് നിറയെ പെണ്‍കുട്ടികള്‍ ആണ്. പുരമെരിയും നാദാപുരത്തും പഠിക്കുന്ന കുട്ടികള്‍. എപ്പോഴും കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ പോകുന്ന അവന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അരികില്‍ നിര്‍ത്തിയത്തിന്റെ കാരണം എനിക്ക് പിടി കിട്ടി, വെള്ളതട്ടം തന്നെ...
“നീ പോരുന്നോ ഞാന്‍ വടകരക്കാ..”
അജി ഒറ്റക്കാകും എന്ന കാരണവും വെള്ള തട്ടം ബസ് കയറാതെ അവിടെ നില്‍ക്കുന്നതും എന്നെ ആ ഓഫര്‍ നിരസിക്കാന്‍ പ്രേപിച്ചു. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ എന്‍റെ അടുത്ത് നില്‍ക്കുന്ന അജിയോടു ഒരു ഫോര്മാലിറ്റിക്ക് വേണ്ടി വരുന്നോ എന്ന് ചോദിച്ചതും അജി തലയാട്ടി ഞാന്‍ വരാം എന്ന മട്ടില്‍. അജിക്ക് സ്വര്‍ഗം കിട്ടിയ പ്രതീതി. തമ്പുരാട്ടി കുട്ടിഉടെ മുന്പില്‍ ബൈക്കില്‍ ഇരുന്നു ഒന്ന് ഗമ കാണിക്കാന്‍ കിട്ടിയ അവസരം.
അജിയില്ലാതെ ഈ പെണ്‍കുട്ടികളുടെ മുന്പില്‍ ഒറ്റയ്ക്ക് പെട്ട് പോകുന്ന എന്‍റെ അവസ്ഥ ആലോചിക്കുമ്പോഴേ എനിക്ക് ഭയം ആയി തുടങ്ങി.
“അജി പോകല്ലേ” എന്ന എന്‍റെ അഭ്യര്‍ത്ഥന കേള്‍ക്കാതെ അവന്‍ ആ തമ്പുരാട്ടി കുട്ടിയെ ഒളി കണ്ണിട്ടു നോക്കി ഗമയില്‍ വണ്ടിയില്‍ കയറി ഇരിക്കുന്നതിനു മുന്നേ നൌഷാദ് ബൈക്ക് മുന്നോട്ടെടുത്തു.!!
ദൈവമേ ഞാന്‍ ചിരിയടക്കാന്‍ പെട്ട പാട്. അജി മലര്‍ന്നടിച്ചു റോഡില്‍ കിടക്കുന്നു. അങ്ങിനെ വേണം ദുഷ്ടന്‍ ഞാന്‍ അവനു വേണ്ടി ആണ് ആ ഓഫര്‍ നിരസിച്ചത് എന്നിട്ട് അവന്‍.....!!!
ഞാന്‍ ഓടി ചെന്ന് അവനെ പിടിച്ചു എഴുന്നേല്പിച്ചു..എന്‍റെ കൈ തട്ടി മാറ്റി വേഗം വീണ്ടും ബൈക്കില്‍ കേറി ഇരുന്നു തിരിഞ്ഞു നോക്കാതെ അജി പോയി!
പിന്നീട് അജി എന്നും തമ്പുരട്ടികുട്ടി വരും മുന്നേ ബസ് കയറി പോയിട്ടുണ്ടാകും. എന്നും എന്‍റെ കൂടെ, താമസിച്ചു ക്ലാസ്സില്‍ എത്തുന്ന അജി പിന്നീട് എന്നും ഫസ്റ്റ് ബെല്ലിനു മുന്നേ ക്ലാസ്സില്‍ എത്താന്‍ തുടങ്ങി.
സൊസൈറ്റി വണ്ടിയുടെ ഹോണ്‍ ഓര്‍മകളുടെ ലോകത്തു നിന്ന് എന്നെ തിരിച്ചു കൊണ്ട് വന്നു. ബസ് വന്നിട്ടുണ്ടാകണം. ബസ് സ്റ്റോപ്പ് കാലി ആണ്.
ഓര്‍മകളുടെ ഈ തീരത്ത് നിന്ന് തിരിച്ചു പോകാന്‍ ഇനി പത്തു ദിവസം മാത്രം. വീണ്ടും പൊള്ളുന്ന ചൂടില്‍ പച്ചപ്പുകളില്ലാത്ത, നനുത്ത പ്രഭാതങ്ങള്‍ ഇല്ലാത്ത പ്രവാസം.........!